Thursday, August 4, 2011

സ്ത്രീകളോട് ചില വര്‍ത്തമാനങ്ങള്‍


ദാമ്പത്യ ജീവിതം ഒരു സംയുക്ത സംവിധാനമാണ്. സഹകരണവും പരിഗണനയും പരിചയവും ആവശ്യമുള്ള സംവിധാനം.
ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ ഇതാകുന്നു. വൈവാഹിക ജീവിതം വിജയിപ്പിക്കാനും ഭാര്യ-ഭര്‍ത്താക്കന്മാര്‍ പരമാവധി ശ്രദ്ധിക്കുക. ഖുര്‍ആന്‍ പറഞ്ഞല്ലോ: "അവന്‍ നിങ്ങള്‍ക്ക് സ്വജാതിയില്‍നിന്നു തന്നെ ഇണകളെ സൃഷ്ടിച്ചുതന്നത് അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതത്രേ. അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തി നുകരാന്‍. നിങ്ങള്‍ക്കിടയില്‍ അവന്‍ സ്നേഹവും കാരുണ്യവുമുണ്ടാക്കിത്തന്നിരിക്കുന്നു. നിശ്ചയം, ചിന്തിക്കുന്ന ജനത്തിന് ഇതില്‍ നിരവധി ദൃഷ്ടാന്തങ്ങളുണ്ട്.'' (അര്‍റൂം: 21) അപ്പോള്‍ വിവാഹം പരസ്പര മത്സരത്തിനുള്ള വേദിയല്ല. ആധിപത്യമുറപ്പിക്കാനുള്ളതുമല്ല. സ്നേഹ കരുണ്യങ്ങളുടെ വേദിയാണ്. ഭൌതികമോ ഔപചാരികമോ ആയ ബന്ധമെന്നതിലുപരി ആത്മീയവും മാനസികവും വൈകാരികവും മതപരവുമായ ബന്ധമാണത്.

നവവധുവിനോട് എനിക്കൊന്നാമതായി ഉപദോശിക്കാനുള്ളത് അവള്‍ തന്റെ പുതിയ വീട്ടിലെയും പുതുമാരന്റെയും രഹസ്യങ്ങള്‍ കൂട്ടുകാരികളില്‍നിന്നും കുടുംബങ്ങളില്‍നിന്നും മറച്ചുവെക്കണമെന്നതാണ്. ഈ ബന്ധത്തിന് ഒരു പ്രത്യേകതയുണ്െടന്നും അത് തന്നിലും തന്റെ ഭര്‍ത്താവിലും ഒതുങ്ങുന്നതാണെന്നും അവളറിയണം. ഭര്‍ത്താവുമായി വല്ല അഭിപ്രായവ്യത്യാസവുമുണ്ടായാല്‍ പുറത്തുനിന്നുള്ള ഇടപെടല്‍ കൂടാതെ തന്നെ അവ സ്നേഹപൂര്‍വ്വം പരിഹരിക്കാവുന്നതേയുള്ളൂ. വിഷയം പുറെത്തെത്തിയാല്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവും എന്ന് മനസ്സിലാക്കണം. കാരണം പലര്‍ക്കും പല അഭിപ്രായങ്ങളും പല താല്‍പര്യങ്ങളുമായിരിക്കും. എന്റെ അനുഭവത്തില്‍ പ്രശ്നങ്ങള്‍ ഇങ്ങനെ പുറത്തുപറഞ്ഞ സ്ത്രീകള്‍ അവ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയേ ചെയ്തിട്ടുള്ളൂ.
എല്ലാ വീട്ടിലും ധാരാളം പ്രശ്നങ്ങളുണ്ടാവുമെന്ന് ഭാര്യ മനസ്സിലാക്കണം. ക്ഷമിച്ചും പരസ്പരം മനസ്സിലാക്കിയും വിട്ടുവീഴ്ച ചെയ്തും പരിഹരിക്കാവുന്നതേയുള്ളൂ അവ. അഭിപ്രായവ്യത്യാസങ്ങളുണ്ടാക്കുമ്പോള്‍ അവ സ്നേഹത്തിന്റെ സുപ്രയില്‍വെച്ച് ഉടന്‍ പരിഹരിക്കുക.
രണ്ടാമത്തെ കാര്യം: ഭാര്യക്കും ഭര്‍ത്താവിനും അവരുടേതായ പ്രത്യേക ജീവിത രീതിയും പ്രകൃതവും സംസ്കാരവുമൊക്കെയുണ്ടാവും. ഈ യാഥാര്‍ത്ഥ്യം ഗ്രഹിച്ചും ഓരോരുത്തരെ മനസ്സിലാക്കാനും അവരുടെ വ്യക്തിത്വത്തിന്റെ സവിശേഷതകളറിയാനുമമുള്ള ക്ഷമ കാണിക്കുക. എങ്കിലേ അതനുസരിച്ചു പെരുമാറാന്‍ കഴിയുകയുള്ളൂ. ചിലപ്പോള്‍ ആറുമാസമോ ഒരു വര്‍ഷമോ വേണ്ടിവരും ഭാര്യക്ക് തന്റെ ജീവിത പങ്കാളിയുടെ പ്രകൃതം മനസ്സിലാക്കാന്‍. അത് കൊണ്ട്തന്നെ ക്ഷമ അനിവാര്യം.
മൂന്നാമതായി എനിക്ക് പറയാനുള്ളത്: തന്നെ ഇതുവരെ വളര്‍ത്തിയ വ്യക്തിക്ക് പകരം മറ്റൊരാളുടെ ഉത്തരവാദിത്തത്തിലാണ് ഇനി താനുള്ളത് എന്ന് നവവു മനസ്സിലാക്കുക. ഭര്‍ത്താവിന്റെ ഉത്തരവാദിത്തത്തില്‍ അദ്ദേഹത്തെ അനുസരിക്കേണ്ടതും അദ്ദേഹത്തിന്റെ അഭിമാനവും സ്വത്തും സംരക്ഷിക്കേണ്ടതും അദ്ദേഹത്തിന് സംതൃപ്തി പ്രദാനം ചെയ്യേണ്ടതും തന്റെ ബാധ്യതയാണ്. ഭര്‍ത്താവിന്റെ കാര്യങ്ങള്‍ മുഴുവനും ശ്രദ്ധിക്കുക. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും വിലകല്‍പ്പിക്കുക. ജീവിതത്തിലും കര്‍മത്തിലും സ്വഭാവത്തിലും മുന്നോട്ടുപോവാന്‍ പ്രചോദനം നല്‍കുക. സാഹചര്യം മാറിയിരിക്കുന്നുവെന്നും ഇനി മാതാപിതാക്കളേക്കാളും അനുസരിക്കേണ്ടത് ഭര്‍ത്താവിനെയാണെന്നും ഭാര്യ അറിഞ്ഞിരിക്കണം. സ്വാഭാവികമായും ദൈവഹിതം നോക്കിയേ അനുസരണം പാടുള്ളൂ.
നാലാമത്തെ കാര്യം: ഭര്‍തൃഗൃഹത്തിലേക്ക് കാലെടുത്തുവെക്കുന്ന നവവധു ഭര്‍ത്താവിന് സംതൃപ്തി നല്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിന് മാര്‍ഗങ്ങള്‍ ധാരാളം. ഉദാഹരണം: ജോലി കഴിഞ്ഞെത്തുമ്പോള്‍ ഭര്‍ത്താവ് കാണുന്നു. നല്ല അടുക്കും ചിട്ടയുമുള്ള വീട്, സ്വാദിഷ്ടമായ ഭക്ഷണം, സ്വീകരിക്കാന്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഭാര്യ, അവളുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി. ഭര്‍ത്താവിന് ഭക്ഷണം വിളമ്പി അവളും കൂടെയിരിക്കുന്നു. പ്രിയതമന് ഭക്ഷണം വായില്‍ വെച്ചുകൊടുക്കുക കൂടി ചെയ്താല്‍ ഭംഗിയായി. ഈ പരിചരണത്തില്‍ ഭര്‍ത്താവ് മതിപ്പു പുലര്‍ത്താതിരിക്കില്ല. തനിക്ക് സംതൃപ്തി നല്‍കാന്‍ വെമ്പുന്ന ഭാര്യയോട് അദ്ദേഹത്തിന് നന്ദിയുണ്ടാവും.
അതുപോലെതന്നെ ഭര്‍ത്താവിനോട് താനുദ്ദേശിക്കുന്ന കാര്യം പറയുന്നത് പറ്റിയ സമയം തെരഞ്ഞെടുത്തേ ആകാവൂ. ചിലപ്പോള്‍ ഒരു വിഷയത്തെക്കുറിച്ച് ആയെങ്കില്‍ പ്രശ്നങ്ങളെക്കുറിച്ച ചര്‍ച്ചയായിരിക്കും. അല്ലെങ്കില്‍ ഒരു വാര്‍ത്തയായിരിക്കും. എന്താവട്ടെ, കാരണം എല്ലാ സമയത്തും എല്ലാം കേള്‍ക്കാന്‍ പാകത്തിലായിരിക്കില്ല അദ്ദേഹം.
ഭര്‍തൃ കുടുംബത്തോട് നന്നായി പെരുമാറുക. ഭര്‍ത്താവിന് സംതൃപ്തി നല്‍കുന്ന ബാധ്യതകളില്‍ പെട്ടതുതന്നെയാണത്. ഭര്‍തൃവീട്ടുകാരുടെ പെരുമാറ്റം മറിച്ചായിരുന്നാല്‍പോലും. കുടുംബബന്ധം ഊട്ടിയുറപ്പിക്കാനും വേണ്ടിവന്നാല്‍ സഹായങ്ങള്‍ ചെയ്യാനും ഭര്‍ത്താവിനെ പ്രേരിപ്പിക്കുക. ഇങ്ങനെയൊക്കെയാവുമ്പോള്‍ ഭാര്യ മുഖേന ഭര്‍ത്താവ് സൌഭാഗ്യവാനാകുന്നു. അദ്ദേഹത്തിന് അവളോടുള്ള സ്നേഹവും മതിപ്പും വര്‍ധിക്കുന്നു.

എന്റെ പെണ്‍കുട്ടികളോട് എനിക്ക് പറയാനുള്ള മറ്റൊരു കാര്യം അസ്വാരസ്യങ്ങളുണ്ടാവുമ്പോള്‍ ഉടനത്തന്നെ രജ്ഞിപ്പിലെത്താനുള്ള സന്നദ്ധത പ്രകടിപ്പിക്കുക എന്നതാണ്. നിങ്ങളുടെ ഭാഗത്താണ് തെറ്റെങ്കില്‍ ക്ഷമചോദിക്കുക. പരിധിവിട്ട് പെരുമാറിയിട്ടുണ്െടങ്കില്‍ മാപ്പപേക്ഷിക്കണം. സ്നേഹത്തിന്റെ അടിസ്ഥാനമാണത്. ഭാര്യയാവട്ടെ, ഭര്‍ത്താവാകട്ടെ, ആരുടേയും അന്തസ്സിന് അതൊരു പോറലുമേല്‍പ്പിക്കില്ല. കാരണം ഭാര്യയുടെ അന്തസ്സ് ഭര്‍ത്താവിന്റെ അന്തസ്സാണ്. ആരെങ്കിലും ഭാര്യയെ നിന്ദിക്കുന്നുവെങ്കില്‍ സ്വയം നിന്ദിക്കുന്നുവെന്നാണര്‍ഥം.
കോപിഷ്ഠനായ മനുഷ്യനോട് പിശാച് മന്ത്രിച്ചുകൊണ്ടിരിക്കും; 'നിന്റെ അന്തസ്സിന് നിരക്കുന്നതല്ല വിട്ടുവീഴ്ച' എന്ന്. ഇവിടെ പിശാചിനെ നിരസിക്കുക. വേഗം സന്ധിയാവുക. നല്ലൊരു ഭാര്യ, ഭര്‍ത്താവിന് തന്നോട് വിമ്മിഷ്ടമുള്ള അവസ്ഥയില്‍ അന്തിയുറങ്ങാന്‍ വിടില്ല. പകരം അദ്ദേഹത്തെ തൃപ്തിപ്പെടുത്താന്‍ ക്ളേശിക്കുകയാണ് ചെയ്യുക. ജിഹാദം, ജുമുഅ-ജമാഅത്ത് നമസ്കാരങ്ങള്‍ തുടങ്ങി പുരുഷന്ന് പ്രതിഫലങ്ങള്‍ വാരിക്കൂട്ടാനുള്ള അവസരങ്ങള്‍ ഒരുപാടുണ്െടന്നും സ്ത്രീക്ക് അതില്ലെന്നും പരാതിപ്പെട്ട സ്ത്രീക്ക് നബി (സ) നല്കിയ മറുപടിയാണവള്‍ ഓര്‍ക്കുക. പ്രവാചകന്‍ പറഞ്ഞു: "ഭര്‍ത്താവിനോടുള്ള സ്ത്രീയുടെ നല്ലപെരുമാറ്റം അവയ്ക്കൊക്കെ പകരം നില്ക്കും.'' ദൈവപ്രീതി ലക്ഷ്യംവെച്ച് ദൈവത്തിനെ അനുസരിച്ച് ഭര്‍ത്താവിനെ പരിചരിക്കുന്ന ഭാര്യയുടെ സേവനങ്ങള്‍ ഒരിക്കലും വൃഥാവേലയല്ല എന്ന് ചുരുക്കം.
നവവധുവിന് നല്കാനുള്ള മറ്റൊരു ഉപദേശം: വിവാഹം ഒരു സന്ദേശവും മതനിഷ്ഠയുമുള്ള മുസ്ലിം സമൂഹത്തെ സൃഷ്ടിക്കാനുമുള്ള മാധ്യമവുമാണെന്ന് മനസ്സിലാക്കുക. വിവാഹം ഒരു നിര്‍മാണമാകുന്നു. ഉന്നതവും വിശുദ്ധവുമായ ലക്ഷ്യങ്ങളുള്ള നിര്‍മാണം. ദമ്പതികളുടെ മനസ്സില്‍ ഈ സങ്കല്‍പം വ്യക്തമായുണ്െടങ്കില്‍ അത് വിജയകരമായ ദാമ്പത്യ ജീവിതത്തിന് സഹായകമാവും. വിവാഹത്തിന്റെ അടിസ്ഥാന ലക്ഷ്യം ആസ്വാദനവും വികാരപൂര്‍ത്തീകരണവുമല്ല. അതുണ്െടങ്കില്‍ സന്തോഷം അല്ലെങ്കില്‍ കശപിശ എന്നല്ല. വിവാഹം ശാരീരികമായ ബന്ധമാവുന്നതിന്നു മുമ്പ് ആത്മബന്ധമാകുന്നു. വികാരങ്ങളുടെ കൂടിച്ചേരല്‍ എന്നതിലുപരി ലക്ഷ്യങ്ങളുടെ സംഗമമാകുന്നു അത്.
ഖുര്‍ആനും സുന്നത്തും മുറുകെപ്പിടിക്കുക എന്ന അടിസ്ഥാനം വിവാഹത്തില്‍ ദീക്ഷിക്കപ്പെടേണ്ടതുണ്ട്. പ്രശ്നങ്ങളുണ്ടാവുമ്പോള്‍ ഇരു വിഭാഗവും 'ശറഇ' നോടാണ് വിധി തേടേണ്ടത്. ഈമാനും ഖുര്‍ആനും അടിത്തട്ടുകളാവാത്ത വിവാഹം ആചാരങ്ങളുടെയും താല്പര്യങ്ങളുടെയും ആകത്തുകയായിരിക്കും. അതുമൂലമാവട്ടെ, ചിലപ്പോള്‍ അനീതി സംഭവിക്കുന്നു. വിശിഷ്യാ സ്ത്രീയുടെ കാര്യത്തില്‍. അത്കൊണ്ട് മുസ്ലിം പെണ്‍കുട്ടിയോട് ദീനും ഉത്കൃഷ്ട സ്വഭാവവുമുള്ളവരെ മാത്രമേ വിവാഹം കഴിക്കാവൂ എന്ന് ഞാനെപ്പോഴും പറയുന്നു.
അമിതാവേശമാവരുത് എന്നതാണ് മറ്റൊരു കാര്യം. അത് പിരിമുറുക്കത്തിനും അസ്വസ്ഥതക്കും തെറ്റിദ്ധാരണക്കുമിടവരുത്തും. ശ്ളാഘനീയമായ സ്നേഹം ഭര്‍ത്താവിനെ സന്തോഷിപ്പിക്കും. പക്ഷേ, ഭര്‍ത്താവിന് അരോജകമാവും വിധമാവരുത് സ്നേഹപ്രകടനം. സന്തുലിതത്വം പാലിക്കുക.
ഭര്‍ത്താവുമായോ അദ്ദേഹത്തിന്റെ കുടുംബവുമായോ വല്ല അഭിപ്രായവ്യത്യാസവുമുണ്ടാവുമ്പോഴേക്ക് സ്വന്തം വീട്ടിലേക്ക് ഓടിപ്പോവരുത്. പകരം, ധാരാളം ക്ഷമിക്കുക. എന്നിട്ട് പറ്റിയ പരിഹാരമാര്‍ഗം അന്വേഷിക്കുക. വീട്ടിലേക്കോടിപ്പോവുന്നതോടെ മാനസികവും വൈകാരികവുമായ പോറലുകളുണ്ടാവുന്നു. മറ്റുള്ളവര്‍ക്കിടപെടാന്‍ അവസരങ്ങള്‍ ലഭിക്കുന്നു. തെളിഞ്ഞു ശുദ്ധമായി നിന്നിരുന്ന ദാമ്പത്യബന്ധം കലങ്ങുന്നു. എന്ത് പ്രശ്നങ്ങളുണ്ടായാലും ഭര്‍തൃഗൃഹം വിട്ടുപോവില്ല എന്ന് തീരുമാനിക്കണം. ഭര്‍തൃഗൃഹത്തില്‍നിന്നോടിപ്പോയി പിന്നെ ഖേദിക്കുന്ന എത്ര പേരെ എനിക്കറിയാമെന്നോ? ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് പോയത് കൂടുതല്‍ വലിയ ദുരിതത്തിലേക്കാണ് എന്നവര്‍ക്ക് പിന്നീട് ബോധ്യപ്പെട്ടു!
തന്റെ പങ്ക് തിരിച്ചറിയുന്ന, ലക്ഷ്യം മനസ്സിലാക്കുന്ന, അല്ലാഹുവുമായുള്ള ബന്ധം നന്നാക്കി, ഭര്‍ത്താവിനെ അനുസരിച്ച് തന്റെ പുതിയ ഗേഹം ഒരു വിജയമാക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന നവവധു സൌഭാഗ്യവതിയായിരിക്കും. അവളുടെ കുടുംബവും സമൂഹവും സമുദായവും സൌഭാഗ്യവാന്മാരായിരിക്കും. അല്ലാഹു സഹായിക്കട്ടെ.
(അവലംബം:ഇസ്ലാം പഠനം)
ഭര്‍ത്താക്കന്മാര്‍ക്കുള്ള 40 ഉപദേശങ്ങള്‍ ഇവിടെ വായിക്കുക.... 

9 comments:

 1. നന്നായിട്ടുണ്ട് ......... ഇനിയും പ്രതീക്ഷിക്കുന്നു !!

  ReplyDelete
 2. ഹാ...ഇതു കൊള്ളാം.......ഒരു കാര്യം മാത്രം പറയുന്നു. ഖുര്‍ആന്‍ പറഞ്ഞ ഭാര്യാഭാര്താക്കന്മാര്‍ തമ്മിലുള്ള ഒരു പ്രണയവും കാരുണ്യവുമുണ്ട്. അത് നഷ്ടമായാല്‍ എല്ലാം തകര്‍ന്നു. വിവാഹിതരാകാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരു പ്രീ മാരിട്ടല്‍ കോഴ്സ്‌ അത്യാവശ്യമാണ്......ഏതെങ്കിലും സംഘടന അത് നടത്തുന്നുണ്ടോ എന്നറിയില്ല.....ഉണ്ടെങ്കില്‍ വലിയ കാര്യം തന്നെ...

  ReplyDelete
 3. ഇത് പലര്‍ക്കും ഒരു നല്ല പാഠമാകട്ടെ. അഭിനന്ദനങ്ങള്‍

  ReplyDelete
 4. സലാം,
  ഈ ഓര്‍മപ്പെടുത്തലുകള്‍ക്ക് നന്ദി.
  വസ്സലാം

  ReplyDelete
 5. എല്ലാം നമുക്കറിയാം
  എന്നാല്‍ എല്ലാം നാം മറന്നു പോകുന്നു!

  (വിശദ വായനക്ക് ,വിവാഹിതരാവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിവാഹിതരായവര്‍ക്കും ഒരുപോലെ നല്‍കാവുന്ന നല്ല ഒരു സമ്മാനമാണ് 'വൈവാഹിക ജീവിതം ഇസ്ലാമില്‍" എന്ന,ഷെയ്ഖ് മുഹമ്മദ്‌ കാരക്കുന്ന് എഴുതിയ പുസ്തകം)

  റമദാന്‍ ആശംസകള്‍

  ReplyDelete
 6. നല്ല പോസ്റ്റ്‌...അഭിനന്ദനങ്ങള്‍

  ReplyDelete
 7. നല്ല പോസ്റ്റ്‌ .നല്ല ഭാവുകങ്ങള്‍
  സ്ക്രോള്‍ ചെയ്തു താഴെ വരുമ്പോള്‍ വൈറ്റ് ഫോണ്ട് കണ്ണിനു പ്രശ്നം ഉണ്ടാക്കുന്നു.
  അക്ഷരങ്ങള്‍ വൈറ്റ് ഫോണ്ട് മാറ്റി ഡാര്‍ക്ക് ഫോണ്ടിലേക്ക് ആക്കിയാല്‍ നന്നായിരിക്കും.അതിനനുസരിച്ച് ബാക്ക് gorund കളറും മാറ്റിയാല്‍ നല്ലത്.

  ReplyDelete