Monday, July 18, 2011

വിശ്വാസിയുടെ ജീവിതം....



നിശ്ചയം  സത്യവിശ്വാസികള്‍ അല്ലാഹുവിനെ കുറിച്ച് സ്മരിക്കപ്പെട്ടാല്‍  ഹൃദയങ്ങള്‍  പ്രകമ്പിതമാവുകയും വിശുദ്ധ ഖുര്‍ആനിന്റെ ആയത്തുകള്‍ പാരായണം ചെയ്യപ്പെട്ടാല്‍ ഈമാന്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നവരെത്രേ, അവര്‍  അവരുടെ രക്ഷിതാവിങ്കല്‍  ഭരമേല്‍പ്പിക്കുന്നവരാകുന്നു. (വിശുദ്ധ ഖുര്‍ആന്‍)

       വിശുദ്ധ ഖുര്‍ആനിന്റെ സ്മരണയും, അതിന്റെ പാരായണവും, അതിന്റെ സാമീപ്യവുമെല്ലാം സത്യവിശ്വാസിയുടെ ജീവിതത്തെ എത്രമാത്രം സ്വാധിനിക്കുന്നുവെന്നും മാറ്റിമറിക്കുന്നുവെന്നും  ഈ ആയത്തുകള്‍ നമ്മെ  ഓര്‍മപ്പെടുത്തുന്നു.പ്രവാചകന്‍(സ) യുടെ സന്തത സഹചാരികളായിരുന്ന സ്വഹാബത്ത്, പ്രവാചകനില്‍ നിന്ന് ഖുര്‍ആന്‍ പഠിച്ച സഖാക്കള്‍,അവര്‍ വിശുദ്ധ ഖുര്‍ആനിന്റെപാരായണം കേള്‍ക്കുന്നമാത്രയില്‍ ഹൃദയംപൊട്ടി കരഞ്ഞിരുന്നുവെങ്കില്‍ ആ ആയത്തുകളുടെ മഹത്വം നാം തിരിച്ചറിയേണ്ടതാണ് .
  
     ഈമാനികമായ ശക്തി  നമ്മില്‍ നിന്നും ക്ഷയിച്ച്  കൊണ്ടിരിക്കുന്നുവെങ്കില്‍, നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ ഈമാനിന്റെ മഹത്വം അദൃശ്യമയിക്കൊണ്ടിരിക്കുന്നു വെങ്കില്‍ നാം തിരിച്ചറിയുക അല്ലാഹുവിന്റെ കിതാബിനോടും, അതിന്റെ ആയത്തുകളോടും ആവശ്യമായ രൂപത്തില്‍ സമീപിക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. അത്കൊണ്ട് തന്നെ ഈമാനികമായ നമ്മുടെ ശക്തി  മാറ്റുരച്ച്  വര്‍ദ്ധിപ്പിക്കാന്‍  നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്.
        യഥാര്‍ത്ഥ സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം, അല്ലാഹുവിന്റെ കലാമിന്റെ സാമീപ്യം തന്നെ അവരുടെ ഹൃദയങ്ങളെ പ്രകമ്പനം കൊള്ളിക്കുകയും,അവരുടെ ഈമാനിനെ അധികരിപ്പിക്കുകയും സര്‍വ്വവും പടച്ച റബ്ബിലര്‍പ്പിക്കുന്നവരാക്കി മാറ്റുകയും ചെയ്യുന്നു.അവരുടെ ഹൃദയവും, ചിന്തയും, ശരീരവും എന്തിനേറെ തൊലികള്‍ പോലും അല്ലാഹുവില്‍ വിലയം പ്രാപിക്കുന്നു.
         പക്ഷെ എന്താണ് നമ്മുടെ അവസ്ഥ?  തൊലിപ്പുറത്തുള്ള കേവലം അഭ്യാസ പ്രകടനങ്ങളായി നമ്മുടെ ഈമാന്‍  മാറുന്നു എന്നതല്ലേ സത്യം?നമ്മുടെ  പെരുമാറ്റങ്ങളും,ഇടപെടലുകളും വാക്കും നോക്കുമെല്ലാം ഈമാനിന്റെ മൂശയില്‍ വാര്‍ത്തെടുത്ത് കൊണ്ട്, പടച്ച റബ്ബിന്റെ പ്രീതി ലാക്കാക്കി കൊണ്ട് മാത്രമാക്കാന്‍ നമുക്ക്‌ സാധിച്ചിട്ടുണ്ടോ?പരദൂഷണങ്ങളിലും, ഏഷണികളിലും, കെട്ടുകഥകളിലും കെട്ടുപിണഞ്ഞ് കിടക്കുന്ന ഒരവസ്ഥ തന്നെയാണോ ഇപ്പോഴും നമുക്കുള്ളത് ?പ്രവാചകന്‍ (സ)പറയുന്നത് കാണുക. ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍  അവന്‍ നല്ലത് പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ.
അഥവാ, ഈമാനുള്ളവരുടെ സംസാരം എങ്ങനെയായിരിക്കണമെന്ന് സുന്ദരമായി പഠിപ്പിക്കുകയാണ് പ്രവാചകന്‍.
അനുദിനം ദുഷിച്ചു കൊണ്ടിരിക്കുന്ന  ഒരു സമൂഹത്തിലാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. പെണ്ണും, പണവും,മദ്യവും നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന കമ്പോളമാണ് നമ്മുടെ കൊച്ചു കേരളം പോലും. പെണ്ണിന് പുറമേ  ആണ്‍ വേശ്യകള്‍ പോലും സുലഭമായിക്കൊണ്ടിരിക്കുന്ന അതിഭീകരമായ വൃത്താന്തങ്ങളാണ്‌  പ്രതിദിനം നം ശ്രവിച്ചു കൊണ്ടിരിക്കുന്നത്. ഇവിടെ, എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം അല്ലാഹുവിനെ ഓര്‍ക്കുക,ഈമാനിലേക്ക്  മടങ്ങുക എന്നത്‌ തന്നെയാണ്.അതാണ് ഖുര്‍ആന്‍ പറയുന്നത്  അറിയുക, ദൈവസ്മരണ  കൊണ്ടേ ഹൃദയങ്ങള്‍ ശന്തമാകൂ.
            ഇവിടെ നാം ഓര്‍ക്കെണ്ടുന്ന, പടച്ച റബ്ബിനെ നന്ദിപൂര്‍വ്വം  സ്മരിക്കേണ്ടുന്ന വളരെ പ്രധാനപ്പെട്ട  ഒരു സംഗതിയാണ് നമ്മുടെ ഹിദായത്ത്‌ എന്ന് പറയുന്നത്.എത്രയോ സഹോദരങ്ങള്‍ ഈമനിന്റെ ഈ അതുല്യമായ വെളിച്ചത്തിലേക്ക്‌ വഴികാണാതെ, ഉഴറി നടക്കുമ്പോള്‍, ഇനിയുമേറെ പേര്‍ ഈ മഹത്തായ പ്രകാശത്തില്‍ നിന്ന് വ്യതിചലിച്ച് പോയപ്പോള്‍ അചഞ്ചലമായ വിശ്വാസം കൊണ്ട് നമ്മെ അനുഗ്രഹിച്ച അല്ലാഹുവോട്‌ എത്രതന്നെ  നന്ദി പറഞ്ഞാലും അധികമാവില്ല.കൂട്ടത്തില്‍ പ്രവാചകന്‍ ഏറെ പ്രാര്‍ത്ഥിച്ചിരുന്ന,അള്ളാഹു തന്നെ പഠിപ്പിച്ചു തന്ന പ്രാര്‍ത്ഥന കൂടെ കൊണ്ട് നടക്കാന്‍ നാം വിമുഖത കാണിക്കരുത്. അല്ലാഹുവേ, സന്മാര്‍ഗമരുളിയതിനു ശേഷം നീ ഞങ്ങളെ വഴി തെറ്റിക്കരുതേ, ഞങ്ങള്‍ക്ക്‌ നിന്റെ കാരുണ്യം നല്‍കേണമേ, നീയാണ് നല്‍കുന്നവന്‍. അഥവാ നമ്മളനുഭാവിക്കുന്ന ഈ ഈമാന്‍ പടച്ച റബ്ബിന്റെ കാരുണ്യമാണെന്ന തിരിച്ചറിവ് നമുക്കുണ്ടാവണം.
             ഈമാനെന്ന്‍ പറയുന്നത്  ആപേക്ഷികമാണ്,ചിലപ്പോള്‍ അങ്ങേയറ്റത്തെ ഈമാനികവേശം അനുഭവിക്കുന്ന നാം ചിലപ്പോഴെങ്കിലും എന്റെ ഈമാന്‍ കുറഞ്ഞു പോകുന്നുണ്ടോ എന്ന്  സന്ദേഹിക്കാറുണ്ട്.ഈമാന്‍ കൂടുകയും കുറയുകയും ചെയ്യുമെന്നത് പ്രവാചകന്റെ അധ്യപനമാണ്.പിശാചിന്റെ ചങ്ങാത്തങ്ങളില്‍ നിന്നും വഴുതിമാറി അണയാത്ത ഈമാനിന്റെ ജ്വലിക്കുന്ന മാതൃകകളാവന്‍ നമുക്ക്‌ സാധിക്കേണ്ടതുണ്ട്.
          കഴിഞ്ഞ കാലഘട്ടങ്ങളിലെ ചരിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ അണയാത്ത ഈമാനികവേശമായിരുന്നു അവരുടെയൊക്കെ കൈമുതല്‍ എന്ന് നമുക്ക്‌  കാണാന്‍ സാധിക്കും.ക്രൂരമായ പീഡന മര്‍ദ്ദനങ്ങള്‍ക്കിരയയപ്പോഴും യാസിര്‍ കുടുംബമേ, ക്ഷമിക്കൂ ... നിങ്ങള്‍ക്ക്‌ സ്വര്‍ഗമാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത് എന്ന  പ്രത്യാശയുടെ വചനമായിരുന്നു അവരുടെ പാദങ്ങളെ പതറാതെ പിടിച്ച് നിര്‍ത്തിയത്.അഥവാ സ്വന്തം വിശ്വാസം  സംരക്ഷിക്കാന്‍ എത്രമാത്രം പ്രയാസങ്ങള്‍ നേരിടേണ്ടി വന്നാലും വരാനിരിക്കുന്ന സുഖലോക സ്വര്‍ഗത്തെ കുറിച്ചുള്ള സ്വപ്നങ്ങളും, ചിന്തകളുമാണ് നമ്മുടെ ഈമാനിനെ ജ്വലിപ്പിച്ച്  നിര്‍ത്തേണ്ടത്.
         പടച്ച റബ്ബിനെ കുറിച്ചുള്ള ചിന്തകളും, അവന്റെ വാഗ്ദാനങ്ങളിലുള്ള ശുഭ പ്രതീക്ഷയും,അവന്റെ തക്കീതുകളെക്കുറിച്ചുള്ള ഭയവും,അവന്റെ  സ്തോത്രങ്ങളും, അവന്റെ കലാമിനോടുള്ള പരിഗണനയും ഇതെല്ലാമാണ് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ  വിശ്വാസം കെടാതെ സൂക്ഷിക്കാനുള്ള ഉരക്കല്ലുകള്‍. അത് കൊണ്ടാണ് പ്രവാചകന്‍ പറഞ്ഞത്‌  നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ്  കൊണ്ട് നിങ്ങളുടെ ഈമാനിനെ പുതുക്കിക്കൊണ്ടിരിക്കുക.അഥവാ അല്ലാഹുവിന്റെ  അജയ്യമായ ശക്തിയെ കുറിച്ചുള്ള ചിന്തകളിലൂടെ നമ്മുടെ ഈമാനിനു ഉണര്‍വ്വേകുക.
        വിശ്വാസം ഉള്ളില്‍ കയറുന്നതോട് കൂടി ഒരു മനുഷ്യന്‍ അക്ഷരാര്‍ത്ഥത്തില്‍ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാവുകയാണ്.പ്രവാചകന്റെ ശിരസ്സെടുക്കാന്‍ ചെന്ന ഉമര്‍ തിരുമേനിയുടെ അരുമ ശിഷ്യനയത് പോലെ, മുഴു കുടിയന്മാര്‍ മദ്യത്തിനെതിരെ പോരാടുന്നു,പലിശക്കച്ചവടക്കാര്‍ ദാനശീലരായി മാറുന്നു. അഥവാ തന്നില്‍ നിലനിന്നിരുന്ന സകലവിധ ജാഹിലിയ്യത്തുകളെയും അറുത്ത്‌ മാറ്റാനും വലിച്ചെറിയാനും അവര്‍ക്ക്‌ സാധിക്കുന്നു.അത് കൊണ്ട് തന്നെ ഞാന്‍ മുസ്ലിമാണെന്ന് പ്രഖ്യാപിച്ചതിനു ശേഷവും,ഇത്തരം അതിപുരാതനമോ,അതിനൂതനമോ ആയ ഭീകര ജാഹിലിയ്യത്തുകള്‍ ആരിലെങ്കിലും നിലനില്കുന്നുവെങ്കില്‍ മനസ്സിലാക്കിക്കൊള്ളുക അവരുടെ ഹൃദയാന്തരങ്ങളിലേക്ക് ഈമാനിന്റെ പ്രകാശം ഇനിയും പൂര്‍ണ്ണമായി കടന്നു ചെന്നിട്ടില്ല.                                                                                                                                                                                    
        നാം മനുഷ്യരാണ്,മനുഷ്യ സഹജമായ തെറ്റുകള്‍ ഒരുപക്ഷെ ധാരാളമായി നമ്മില്‍ നിന്നൊക്കെ സംഭവിക്കുന്നുണ്ടാവാം.പക്ഷെ സംഭവിക്കുന്ന മാത്രയില്‍ അതിന്റെ ഗൌരവം തിരിച്ചറിയാനും അത് തിരുത്താനും നമ്മുടെ ഈമാന്‍ നമ്മെ സഹായിക്കേണ്ടതുണ്ട്.ഇസ്ലാമിന്റെ വെളിച്ചമെത്താത്ത, ഈമാനിന്റെ സൌകുമാര്യം അനുഭവിച്ചിട്ടില്ലാത്ത നമ്മുടെ ചുറ്റുവട്ടത്തുമുള്ള സഹോദരിമാരും നമ്മളും തമ്മില്‍ വേഷവിധാനത്തിലല്ലാതെ മറ്റൊന്നിലും വ്യത്യാസമില്ലെങ്കില്‍ നമ്മുടെ ഈമാനിന്റെ ശക്തിയെ കുറിച്ചും, സ്വാധീനത്തെ കുറിച്ചും നാമൊന്നു ആത്മ വിശകലനത്തിനും, പുനര്‍വിചാരണക്കും തയ്യാറാവേണ്ടതുണ്ട്.
          നമ്മുടെ ഈമാനിന്റെ ശക്തി അളക്കാന്‍ പര്യാപ്തമായ രൂപത്തില്‍ പല അവസരങ്ങളും പലപ്പോഴും നമ്മുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടാവാം.ഇണയുടെ സ്വഭാവം,മക്കളുടെ പഠനം,വീട്ടിലെ സാമ്പത്തിക പ്രതിസന്ധികള്‍ മറ്റു മാനസിക പ്രയാസങ്ങള്‍ ഇങ്ങനെ ഒട്ടനവധി സന്ദര്‍ഭങ്ങള്‍.ഇവിടെ നാം തിരിച്ചറിയണം ഒരു വിശ്വാസിയുടെ യഥാര്‍ത്ഥ ശക്തി വെളിവാകുന്നത് സ്വബ്റിലൂടെയാണ്. അഥവാ, അചഞ്ചലമായ ക്ഷമ.അതായിരിക്കണം നമ്മുടെ കൈമുതല്‍. തനിക്കേറ്റവും പ്രിയപ്പെട്ടവര്‍ തന്നില്‍ നിന്ന് വിടപറയുമ്പോള്‍ പോലും إنا لله و إناإليه راجعون     തീര്‍ച്ചയായും അല്ലാഹുവില്‍ നിന്നുള്ളതാണ്,അവങ്കലേക്ക് തന്നെ മടക്കപ്പെടാനുള്ളതാണ്എന്ന അതി ശക്തമായ വാക്യം കൊണ്ട് നേരിടാനാണ് വിശ്വാസി പഠിപ്പിക്കപ്പെട്ടിരിക്കുന്നത്.
             ഇത്രയും ശക്തമായ ഒരു വിശ്വാസത്തിന്റെ അഭാവമാണ്  ഇന്ന് സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ അനാരോഗ്യകരമായ പ്രവണതകളുടെയും നാരായ വേര്. ഒരല്പം പ്രയാസം നേരിടുമ്പോഴേക്ക് ആത്മഹത്യയില്‍ അഭയം തേടുന്ന പ്രവണത ഇന്ന് മുസ്ലിം സമൂഹത്തിലടക്കം വ്യാപകമായിക്കൊണ്ടിരിക്കുന്ന അതി ദാരുണമായ കാഴ്ചകളാണ് നാം കണ്ടു  കൊണ്ടിരിക്കുന്നത്. അതോടൊപ്പം, അതി നിസ്സാരവും,നിര്‍ദോശവുമായ പ്രകോപനങ്ങള്‍ പോലും,കൊലപാതകങ്ങളിലും, കലാപങ്ങളിലും ചെന്നെത്തുന്ന ഭീകരമായ കാഴ്ചകള്‍.
      ചുരുക്കത്തില്‍ ലോകം ഇന്നനുഭവിച്ചു കൊണ്ടിരിക്കുന്ന സകലമാന പ്രശ്നങ്ങളുടെയും പ്രതിവിധി വിശ്വാസത്തിലേക്ക് മടങ്ങുക എന്നുള്ളതാണ്.ധര്‍മത്തിന്റെ പാതയില്‍ അടിയുറച്ച് നിന്ന് പോരാടാന്‍ വിശ്വാസമാണ് ഒരു മനുഷ്യനെ പ്രാപ്തനാക്കുന്നത്.അതിനാല്‍ നാം യഥാര്‍ത്ഥ വിശ്വാസികളാവുക.നമ്മുടെ വിശ്വാസത്തെ കെടാതെ അണയാതെ കാത്ത്‌ സൂക്ഷിക്കുക.അടിക്കടി അതിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കാനുള്ള പരിശ്രമങ്ങളിലേര്‍പ്പെടുക. വിശുദ്ധ ഖുര്‍ആനിന്റെ പഠനത്തിലൂടെ, അതിന്റെ  പാരായണത്തിലൂടെ, അതിനെ ജീവിതത്തിലേക്ക്‌ ചേര്‍ത്ത്‌ വെച്ചു കൊണ്ട്. അതോടൊപ്പം അല്ലാഹുവിനെ കുറിച്ചുള്ള ചിന്തകള്‍, ദിക്റുകള്‍,തസ്ബീഹും, തഹ്മീദും,തഹ് ലീലും അധികരിപ്പിച്ച് കൊണ്ട് അതിനനുസരിച്ച കര്‍മ്മങ്ങള്‍ ജീവിതത്തിലേക്ക്‌ ചേര്‍ത്ത്‌ വെച്ചു കൊണ്ട്, രാത്രി നമസ്കാരങ്ങളിലൂടെ, സുന്നത്ത്‌ നോമ്പുകളിലൂടെ അങ്ങനെ തന്റെ വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കാതിരിക്കുക. അല്ലാഹു യഥാര്‍ത്ഥ വിശ്വാസികളില്‍ നമ്മെ ഉള്‍പ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ . ആമീന്‍

8 comments:

  1. നമ്മുടെ ഈമാന്‍ കെടാതെ കാത്തുസൂക്ഷിക്കാന്‍ അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ...ഭാവുകങ്ങള്‍ ....

    ReplyDelete
  2. അല്ലാഹു യഥാര്‍ത്ഥ വിശ്വാസികളില്‍ നമ്മെ ഉള്‍പ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ . ആമീന്‍.

    ReplyDelete
  3. ആദ്യമേ നന്ദി പറയട്ടെ...ഇത്തരം ഉപദേശങ്ങള്‍ ഇടക്ക് വായിച്ചില്ലെങ്കില്‍ മനസിലെ ഈമാനിക ചൈതന്യം ചോര്‍ന്നു പോവുക തന്നെ ചെയ്യും. പക്ഷെ ഇത്തരം ഉപദേശങ്ങള്‍ ഇന്ന് എവിടെയും കിട്ടാനില്ല എന്നതാണ് സത്യം.....മറ്റൊന്നിനെ പരിഹസിക്കാത്ത ഒരു ഇസ്ലാമിക ലേഖനമോ പ്രഭാഷണമോ ഇന്ന് മലയാളത്തില്‍ വളരെ അപൂര്‍വമല്ലേ ...? മാന്യമായി വിമര്ഷിക്കുന്നതിനു ഞാന്‍ എതിരുമല്ല കെട്ടോ...


    ഇങ്ങോട്ട് കുറച്ച് ഉപദേശങ്ങള്‍ തന്ന സ്ഥിതിക്ക് കുറച്ച് അങ്ങോട്ടും കിടക്കട്ടെ....ഹ ഹ ...ബ്ലോഗ്‌ ഗൌരവമായി എടുക്കാന്‍ സാധിക്കും. അക്ഷര തെറ്റുകള്‍ കുറക്കുക. പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് കഴിവുള്ള ഒരാളെകൊണ്ട് എഡിറ്റു ചെയ്യിച്ചാല്‍ നന്നാവും. മുഴുവന്‍ തെറ്റൊന്നുമല്ല കെട്ടോ. എങ്കിലും ഭക്ഷണം കഴിക്കുമ്പോള്‍ കല്ല് കടിക്കരുതല്ലോ. അക്ഷരങ്ങളുടെ വലിപ്പവും അതുപോലെ കണ്ണിന് ദോഷമായേക്കാവുന്ന തിളക്കവും ഒഴിവാക്കുന്നതും നല്ലതാവും. അല്ലാഹു സഹായിക്കട്ടെ...ആമീന്‍...

    ReplyDelete
  4. ബ്ലോഗ്‌ ഇതുപോലാവണം എന്നാലെ...
    .ലോകത്തിനു എന്ത്ങ്ങിലും നല്കാന്‍ കഴിയു
    ആശംസകള്‍ ...
    എനിക്ക്ക് ഖുര്‍ആന്‍ മലയാളം ലിങ്ക് തരുമോ :
    (video,pdf)
    id pradeeppaima@gmail.com

    ReplyDelete
  5. ഈമാന്‍ എന്നത് സമ്മതം മാത്രമല്ല; സ്വാംശീകരണവും കൂടിയാണ്. നാം സമ്മതിക്കുന്നവ ജീവിതത്തെ സ്വാധീനിക്കണമെന്നില്ല. എന്നാല്‍ നാം സ്വാംശീകരിച്ചവ ജീവിതത്തെ സ്വാധീനിക്കാതിരിക്കുകയുമില്ല. നമ്മുടെ ഈമാന്‍ സമ്മതത്തില്‍ നിന്ന് സ്വാംശീകരണത്തിലേക്ക് കടക്കുന്നില്ലെങ്കില്‍ അതുകൊണ്ട് ഫലമുണ്ടാവുകയില്ലെന്നു കരുതുന്നു.

    ReplyDelete